കഥ പറയും രാവുകള്
' വരിക, വരിക,
നീ ആരാണെങ്കിലും കടന്നുവരിക.
ഭക്തനോ വൈരാഗിയോ
ഗതികിട്ടാതലയുന്നവനോ
ആരുമായ്ക്കൊള്ളട്ടെ.
ഇത് പ്രത്യാശയുടെ സാർത്ഥവാഹകസംഘം;
നൈരാശ്യത്തിന്റെയല്ല.
ഓരായിരം തവണ പ്രതിജ്ഞ
ലംഘിച്ചവനെങ്കിലും
ഹൃദയസ്‌നേഹത്തിന്റെ നിർമ്മലമായ
ഈ ആശ്ലേഷത്തിലേക്ക്
കടന്നുവരിക. '
ജലാലുദ്ദീൻ റൂമി
വിശ്വാസവൈവിധ്യങ്ങളെ വളരെ അനുതാപത്തോടെയും സ്നേഹത്തോടെയും ശരിവെച്ചിരുന്ന ജലാലുദ്ദീൻ റൂമിയുടെ സമീപനത്തോട് അക്കാലത്തെ പുരോഹിതന്മാർ ഏറെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
ഒരു ദിവസം ഒരു പുരോഹിതനേതാവ് റൂമിയോട് ചോദിച്ചു:
' താങ്കൾ ആന്തരികമായി ശരിയാണെന്ന് പറയുന്ന
രണ്ടു വിശ്വാസധാരയിലുള്ളവർ പരസ്പരം അവിശ്വാസികളാണെന്ന് മുദ്രകുത്തുന്നു. രണ്ടു വിഭാഗവും അങ്ങോട്ടുമിങ്ങോട്ടും ശരിയല്ലെന്ന് വിധിയെഴുതുമ്പോൾ താങ്കൾ പറയുന്നത് എങ്ങനെയാണ് ശരിയാവുക ?'
പുരോഹിതന്റെ വാദം വ്യക്തമായി കേട്ട റൂമി, ഒരു മന്ദഹാസത്തോടെ അദ്ദേഹത്തിന്റെകണ്ണുകളിലേക്ക് നോക്കി ഇങ്ങനെ പറഞ്ഞു:
' താങ്കൾ പറഞ്ഞ വാദവും ഞാൻ ശരിവയ്ക്കുന്നു.
അതോടൊപ്പം മറ്റൊരു വിതാനത്തിലേക്ക് താങ്കളുടെ ഉൾക്കാഴ്ചയെ ക്ഷണിക്കുകയും ചെയ്യുന്നു.'
സ്വല്പനേരത്തെ മൗനത്തിന് ശേഷം റൂമി തുടർന്നു:
' വിവിധ മുഖങ്ങളുള്ള ഒരു രത്നക്കല്ലിന്റെ വിവിധ വശങ്ങളിൽ വിവിധ നിറങ്ങളിൽ പ്രകാശം പ്രതിഫലിക്കുമ്പോൾ,
നിറം നോക്കി പ്രകാശത്തെ വിധിയെഴുതുന്നവർ വൈരുധ്യം മാത്രം കാണുന്നു.
എന്നാൽ പ്രകാശത്തിന്റെ ഉറവിടമറിഞ്ഞവർ ഓരോ മുഖത്തെയും, ഓരോ നിറത്തെയും ഹൃദയസ്‌നേഹത്തോടെ ശരിവയ്ക്കുന്നു. എല്ലാം ഒരേ പ്രകാശമെന്ന് തിരിച്ചറിയുന്നു.'
പിന്നീട്, ഇതുകൂടി പറഞ്ഞു റൂമി അവസാനിപ്പിച്ചു:
' പ്രപഞ്ചങ്ങളെ മുഴുവൻ സൃഷ്ടിച്ചു പരിപാലിക്കുന്ന ആത്മനാഥന്റെ അടയാളങ്ങൾ ഓരോ സൃഷ്ടിജാലത്തിലും കണ്ടെത്തുന്നവനാണ് യഥാർത്ഥ സൂഫി.
ദൈവികതയുടെ രഹസ്യദൂത് ഹൃദയത്തിൽ അനുഭവിച്ചാൽ പിന്നെ, സർവ്വ വൈരുധ്യങ്ങളും അവൻ താളഭദ്രമായി കോർത്തുവെച്ച വൈവിധ്യങ്ങളുടെ സൗന്ദര്യപ്രകാശത്തിൽ നിഷ്പ്രഭമാവുന്നു.'
മനുഷ്യന്റെ ആവിർഭാവം മുതൽ എല്ലാ കാലഘട്ടത്തിലും എല്ലാ ദേശങ്ങളിലും എല്ലാ സമൂഹങ്ങളിലും ആത്മാന്വേഷികളായ മനുഷ്യർ ജീവിച്ചിരുന്നു.
'ഞാൻ ആരാണ്' എന്ന അന്വേഷണത്തിൽ തുടങ്ങി തന്റെ ജീവിതനിയോഗത്തിന്റെ ഉൾപ്പൊരുളിലേക്ക് ഇറങ്ങി ആത്മസാക്ഷാൽക്കാരം കൈവരിച്ചവർ. ഈ അന്വേഷികൾ എല്ലാ കാലത്തും വിവിധ ദേശങ്ങളിൽ വിവിധ നാമങ്ങളിൽ വിവിധ വേഷങ്ങളിൽ ജീവിച്ചു.
ആത്മാന്വേഷികളുടെയും സാക്ഷാൽക്കാരം സിദ്ധിച്ചവരുടെയും ഈ വിശുദ്ധ പരമ്പര,
പരിശുദ്ധ പ്രവാചകൻ മുഹമ്മദ് നബിയിലും അവിടുത്തെ അനുഗാമികളിലും കാണാം.
പ്രവാചക കാലഘട്ടത്തിൽ ഒരിക്കൽ പോലും പ്രവാചകനെ കാണാതെ ജീവിച്ച വിശ്രുതസൂഫി ഉവൈസുൽ ഖർനി ഈ പാരമ്പര്യത്തിലെ അനിഷേധ്യ വ്യക്തിത്വമാണ്.
എന്നാൽ ആ പാരമ്പര്യത്തിൽ കണ്ണി ചേർന്നവർക്ക് 'സൂഫികൾ'
എന്ന നാമധേയം ലഭിക്കുന്നത് ഏതാണ്ട് രണ്ടു നൂറ്റാണ്ട് പിന്നിട്ട ശേഷമാണ്.
വിശുദ്ധി എന്നർത്ഥം വരുന്ന 'സ്വഫാ' കമ്പിളിയുടെ അറബി വാക്കായ ' സൂഫ് ',
ജ്ഞാനാന്വേഷണത്തിലും ധ്യാനത്തിലുമായി പ്രവാചകഗേഹത്തിന്റെ ഒരരികിൽ കഴിഞ്ഞിരുന്ന
' അസ്ഹാബുസ്സുഫ്ഫ',
നന്മയിലും സൽക്കർമ്മങ്ങളിലും എപ്പോഴും ഒന്നാം ശ്രേണിയിലുണ്ടായിരുന്നവരെ (സ്വഫ്ഫുൽ അവ്വൽ)
പ്രതിനിധീകരിക്കുന്ന 'സ്വഫ്ഫ്',
ജ്ഞാനത്തിന്റെ ഗ്രീക്ക് പദമായ 'സോഫിയ',
പരംപൊരുളിനെ പറയാൻ ഉപയോഗിക്കുന്ന ഹീബ്രു വാക്കായ 'എയ്ൻ സോഫ്',
രോഗശമനത്തിനായി സൂഫി ഗുരുക്കന്മാർ മന്ത്രമായ് ഉരുവിട്ടിരുന്ന 'ശൂഫ്',
എന്നീ വാക്കുകളിൽ നിന്നെല്ലാം ആവാം 'സൂഫി' എന്ന വാക്കിന്റെ നിഷ്പത്തി എന്ന് പല വീക്ഷണങ്ങളുമുണ്ട്.
ഒരു വാക്കിൽ നിന്നോ, പല കാലത്ത് പല വാക്കുകളിൽ നിന്നോ നിഷ്പദിച്ചതാവാം.
പിൽക്കാലത്ത് ജർമൻ ഭാഷാപ്രയോഗത്തിൽ പാശ്ചാത്യ ലോകത്ത് വന്ന ' സൂഫിസം ' പിന്നീട് ഇംഗ്ലീഷിലൂടെ സാർവ്വത്രികമായി.
ഇന്ന് അറബികൾ പോലും ' സൂഫിസം ' എന്ന പ്രയോഗത്തെ അങ്ങനെത്തന്നെ ഉപയോഗിച്ചുതുടങ്ങി.
മാനവികതയുടെ വാഹകരായ, സ്നേഹവും കാരുണ്യവും ജീവിതവ്രതമായ ആധ്യാത്മയാത്രികർ ആണ് സൂഫികൾ എന്നതിന് മാനവചരിത്രം സാക്ഷി.
സർവ്വ സൃഷ്ടിജാലത്തെയും ഹൃദയപൂർവ്വം ആശ്ലേഷിച്ച, ആർദ്രതയും അലിവും ജീവിതമാക്കിയവർ ആണ് സൂഫികൾ.
സൂഫികളുടെ മഹാഗുരു ഇബ്നു അറബി പറയുന്നു:' സ്നേഹത്തിന്റെ മതമാണ്
ഞാൻ അനുധാവനം ചെയ്യുന്നത്.
സ്നേഹമെന്ന യാനപാത്രം
ഏതേതു വഴികളിൽ
എന്നെ കൊണ്ടുപോയാലും ശരി,
എന്റെ മതവും വിശ്വാസവും സ്നേഹമാണ്. '
സൂഫിയുടെ മതം സ്നേഹമാണ്. സർവ്വ മനുഷ്യരിലും അന്തസ്ഥമായ ദിവ്യപ്രകാശത്തെ സ്നേഹമായി അനുഭവിക്കുന്നവനാണ് സൂഫി. ആയതിനാൽ, ഒരു സൂഫിക്ക് ഒരാളോടും വിദ്വേഷമോ ശത്രുതയോ പുലർത്താനാവില്ല.
സ്നേഹമാണ് സൂഫിയുടെ മന്ത്രം.
ഖാജാ മുഈനുദ്ദീൻ ചിശ്തി പറയുന്നു;
' സർവ്വമനുഷ്യരെയും സ്നേഹിക്കുക;
ആരോടും വിദ്വേഷമരുത്. '
മനുഷ്യഹൃദയങ്ങളിൽ സത്യത്തിന്റെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും വിത്തുകൾ വിതച്ചുകൊണ്ടാണ് ഓരോ സൂഫിയും ഭൂമിയിലൂടെ യാത്ര തുടരുന്നത്.
വിഷത്തെ പിയൂഷമാക്കുന്ന സ്നേഹത്തിന്റെ ആൽക്കെമിയാണ്
സൂഫിയുടെ സപര്യ.
മുള്ളിനെ പൂവാക്കുന്ന, യാചകനെ ചക്രവർത്തിയാക്കുന്ന,
കാരിരുമ്പിനെ വെണ്ണപോൽ മൃദുവാക്കുന്ന ഹൃദയപ്രണയത്തെ ആത്മതീർത്ഥമായ് അണിയുന്നു സൂഫി.
ഹൃദയഗുരു റൂമി ആത്മാന്വേഷിയെ സദാ ഇങ്ങനെ ഓർമ്മപ്പെടുത്തുന്നു:
' സ്നേഹമതത്തിൽ
വിശ്വാസിയോ അവിശ്വാസിയോ ഇല്ല.
സ്നേഹം സർവ്വരെയും ഒരുപോലെ ആശ്ലേഷിക്കുന്നു. 'മനുഷ്യഹൃദയമാണ് ദൈവത്തിന്റെ സിംഹാസനം എന്ന് വിശ്വസിച്ചനുഭവിക്കുന്ന സൂഫികൾ, ഹൃദയങ്ങളെ നന്മയിലും സ്നേഹത്തിലും കരുണയിലും നിലനിർത്താൻ മാനുഷ്യകത്തിനു അവബോധം നൽകി.
ഹൃദയത്തെ സംശുദ്ധമാക്കിയവർ സർവ്വസൃഷ്ടികളെയും സ്നേഹമായി സമീപിക്കുന്നു.
അവിടെയാണ് യഥാർത്ഥ ദൈവികത വസിക്കുന്നതെന്ന് സൂഫികൾ സദാ ഉദ്‌ബോധിപ്പിച്ചു.
അത്യഗാധമായ കാവ്യചിത്രങ്ങൾ സൂഫിലോകത്തിനു സമർപ്പിച്ച ബാബാ ബുല്ലേഷാ പറഞ്ഞു:
' പള്ളിയോ ദേവാലയമോ എന്തുവേണമെങ്കിലും നിങ്ങൾ തകർത്തോളൂ.
പക്ഷേ, ഒരു മനുഷ്യഹൃദയത്തെയും
നോവിച്ചു പോകരുത്.
കാരണം, ദൈവം
വസിക്കുന്നതവിടെയാണ്. '
ചിശ്തി ഗുരുപരമ്പരയിലെ അതുല്യനായ ഗുരു ബാബാ ഫരീദ് മനുഷ്യസ്‌നേഹത്തിന്റെ ദൈവികരഹസ്യങ്ങളെ പല രീതിയിൽ പ്രകാശിപ്പിച്ച മിസ്റ്റിക് ആയിരുന്നു.
സഹിഷ്ണുതയും സാഹോദര്യവും ദൈവകൃപ(റഹ്‌മത്ത്)യുടെ വിശിഷ്ടമായ ഭാവങ്ങളാണെന്നും ഖാജാ ബഖ്തിയാർ കാകിയുടെ ശിഷ്യനും നിസാമുദ്ദീൻ ഔലിയയുടെ ഗുരുവുമായ ബാബാ ഫരീദ് ജീവിച്ചുകാണിച്ചു.
സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ' ഗുരുഗ്രന്ഥ് സാഹിബി'ലെ നൂറ്റി ഇരുപതിലധികം കാവ്യവചനങ്ങൾ ബാബാ ഫരീദിന്റെതാണ് എന്നറിയുമ്പോൾ സൂഫി ഗുരുക്കന്മാരുടെ സ്നേഹവിശാലതയുടെ ആഴം നമ്മെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.
ഒരിക്കൽ ഒരു സന്ദർശകൻ കത്രിക സമ്മാനമായി നൽകിയപ്പോൾ ഗുരു പറഞ്ഞു:
' മുറിച്ചുമാറ്റുന്ന കത്രികയല്ല നമുക്ക് വേണ്ടത്; പകരം, തുന്നിച്ചേർക്കുന്ന സൂചിയും നൂലുമാണ്. '
ഇങ്ങനെ സ്നേഹവും കാരുണ്യവും ചേർന്ന് ഹൃദയങ്ങളെ കോർത്തുവെച്ചാണ് സൂഫികൾഇന്ത്യാ ഉപഭൂഖണ്ഡത്തിൽ സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ഗാഥകൾ രചിച്ചത്.
ഖാജാ മുഈനുദ്ദീൻ ചിശ്തി, ബഖ്തിയാർ കാക്കി, ബാബാ ഫരീദ്, നിസാമുദ്ദീൻ ഔലിയ തുടങ്ങിയ ഗുരുക്കന്മാർ അതിന്റെ മുഖ്യശില്പികളായി പ്രകാശതാരകങ്ങളായി നിലകൊള്ളുന്നു.
എന്നാൽ, പിൽക്കാലത്ത് മനസ്സുകളിൽ അധിനിവേശം നടത്തിയ പൗരോഹിത്യ - സലഫി ഇസ്‌ലാമിന്റെ സങ്കുചിതമായ ഇടപെടലുകളാണ് മനുഷ്യഹൃദയങ്ങളെയും,
പിന്നീട് ഒരു രാഷ്ട്രത്തെ തന്നെയും അതിരുകൾ തീർത്തു മുറിച്ചു മാറ്റാൻ കാരണമായത്.
ആ മുറിവിലും സ്നേഹത്തിന്റെ ലേപനം തേച്ചു ഹൃദയങ്ങളിൽ ഏകത സൃഷ്ടിക്കുന്നു സൂഫികൾ.
ബാബാ ഫരീദ് പറയുന്നു:
' എല്ലാ മനുഷ്യരിലും ആത്മനാഥൻ വസിക്കുന്നു.
അതുകൊണ്ട് ഒരാളോടും മോശമായി വർത്തിക്കരുത്.
ഓരോ അസ്തിത്വവും അമൂല്യനിധിയാണ്. ആരുടേയും ഹൃദയം നോവിക്കരുത്. '
ഓരോ സൃഷ്ടിയിലും ദൈവത്തിന്റെ അടയാളം ദർശിക്കാൻ പഠിപ്പിച്ച സൂഫികൾ, വിഭിന്ന വിശ്വാസധാരകളോട് സ്നേഹവും ബഹുമാനവും പുലർത്തി. മറ്റു വിശ്വാസങ്ങളിലെ ഗുരുക്കന്മാരുടെ ചിന്തകളും മൊഴികളും ആദരവോടെ ഉൾക്കൊള്ളുകയും, അവരോടൊപ്പം പലപ്പോഴും സ്നേഹപൂർവ്വം സഹവസിക്കുകയും ചെയ്തു.
സൂഫിസത്തിന്റെ ഇതേ സ്നേഹപാരമ്പര്യം തന്നെയാണ് കേരളത്തിലെ സൂഫി ഗുരുക്കന്മാരും പിന്തുടർന്നത്.
ഒരിക്കൽ, ശ്രീനാരായണ ഗുരു കണ്ണൂരിൽ വരുന്നുണ്ടെന്ന വിവരമറിഞ്ഞു, ദർവീശിനെപ്പോലെ അലഞ്ഞുനടന്നിരുന്ന ഇച്ചമസ്ഥാൻ മേൽമുണ്ട് പുതയ്ക്കാനായി തുണി ആവശ്യപ്പെട്ടു ഒരു തുണിക്കടയിൽ ചെന്നു പറഞ്ഞത്രെ:
' ഒരു മനുഷ്യൻ ഈ വഴി വരുന്നുണ്ട്, അതുകൊണ്ട് എനിക്കൊരു മുണ്ട് വേണം.'ആത്മജ്ഞാനികളെ വിശ്വാസവൈവിധ്യങ്ങൾക്കപ്പുറം തിരിച്ചറിയാനും ആദരിക്കാനുമുള്ള ഉൾക്കാഴ്ചയും മഹത്വവും എല്ലാ ദേശത്തെയും യഥാർത്ഥ സൂഫികൾക്ക് എക്കാലത്തുമുണ്ടായിരുന്നു.
കാവിയും രുദ്രാക്ഷവുമണിഞ്ഞ സൂഫികൾ നമുക്കിടയിൽ ഉണ്ടെന്നും അവരെ ബഹുമാനിക്കണമെന്നും ഒരിക്കൽ ശൈഖ് സി. എം. പറഞ്ഞതായി ഒരു ശിഷ്യൻ സാക്ഷ്യപ്പെടുത്തുകയുണ്ടായി.
ഇതുപോലുള്ള എണ്ണിയാൽ തീരാത്ത ഹൃദയവിശാലതയുടെയും,
സഹിഷ്ണുതയും സമാധാനവും പകർന്നുകൊണ്ടിരിക്കുന്ന
വിശിഷ്ടമായ സ്നേഹദർശനത്തിന്റെ
അവാച്യമായ സൂഫി അനുഭവമുഹൂർത്തങ്ങൾ അന്വേഷികളെ എക്കാലവും അത്ഭുതപ്പെടുത്തുന്നതാണ്.
സംഗീതം നിഷിദ്ധമാണെന്ന് വിശ്വസിച്ചിരുന്ന ഔറംഗ്സീബ് ഒരിക്കൽ സൂഫി സംഗീതജ്ഞരുടെ മുഴുവൻ സംഗീതോപകരണങ്ങളും കുഴിച്ചുമൂടാൻ പറഞ്ഞ ശേഷം ഇങ്ങനെ കൂട്ടിച്ചേർത്തു:
' അവയെ ഏറ്റവും ആഴത്തിൽ കുഴിച്ചിടുക.
ഇനി ഒരിക്കലും അതിൽ നിന്നുള്ള സ്വരങ്ങൾ പുറത്തുവരരുത്. '
എന്നാൽ, കാലപ്രവാഹത്തിൽ ഔറംഗസീബ് വിസ്മൃതനാവുകയും,
സൂഫി സംഗീതവും, അതിൽ നിന്ന് ഹൃദയങ്ങളെ ദിവ്യരാഗങ്ങളിലേക്ക് ഉള്ളുണർത്തുന്ന സ്നേഹഗീതികളും ലോകം മുഴുവൻ പ്രകാശധാരയായ് വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതേപോലെ, വിശ്വാസത്തിന്റെ പേരിൽ എത്ര വിഷവിത്തുകൾ വിതച്ച് മനുഷ്യരെ ഭിന്നിപ്പിച്ചാലും, അവിദ്യയുടെയും അന്ധതയുടെയും പേരിൽ മതസഹിഷ്ണുതയും മാനവികബോധവും എത്ര ആഴത്തിൽ കുഴിച്ചുമൂടാൻ ശ്രമിച്ചാലും ഹൃദയമുള്ള വിവേകികൾ ഒരു സ്‌നേഹവസന്തമായ് വർഷിച്ചെത്തുക തന്നെ ചെയ്യും.
കാലം കാതോർത്തിരിക്കുന്ന ആ ഹൃദയവഴിയാണ് സൂഫിസം എന്ന സ്‌നേഹദർശനം.
Comments
Post a Comment